07:35pm 05 September 2026
NEWS
രേഖകളിൽ കൃത്രിമംകാട്ടി പണം തട്ടിയ ബാങ്കുമാനേജർക്ക് നാലു വർഷം തടവും പിഴയും ശിക്ഷ
03/08/2025  09:55 AM IST
nila
രേഖകളിൽ കൃത്രിമംകാട്ടി പണം തട്ടിയ ബാങ്കുമാനേജർക്ക് നാലു വർഷം തടവും പിഴയും ശിക്ഷ

രേഖകളിൽ കൃത്രിമംകാട്ടി പണം തട്ടിയ ബാങ്കുമാനേജർക്ക് നാലു വർഷം തടവും അയ്യായിരം പിഴയും ശിക്ഷ. ചങ്ങനാശ്ശേരി മാടപ്പള്ളി ഹസീനാ ഭവനിൽ കെ. ഹസീനയെയാണ് ചേർത്തല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ഷെറിൻ കെ. ജോർജ് ശിക്ഷിച്ചത്. വിജയബാങ്കിന്റെ ചേർത്തല ശാഖയിലെ മുൻ മാനേജരാണ് ഹസീന.  2007-ൽ ചേർത്തല ശാഖയിൽ മാനേജരായിരിക്കെ  31,92,791.92 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. 

തട്ടിയെത്ത 31,92,791.92 രൂപ പലിശയടക്കം തിരിച്ചടയ്ക്കാനും ഉത്തരവായി. ആകെ ഒരുകോടിയോളം രൂപ തിരിച്ചടയ്ക്കണം. ഭർത്താവിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരുകളിലേക്ക് തുക മാറ്റിയായിരുന്നു തട്ടിപ്പ്. രേഖകളിൽ കൃത്രിമം കാണിക്കൽ, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഐടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ചേർത്തല പോലീസ് കേസെടുത്തത്. 

ചേർത്തല കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം പ്രവർത്തിച്ചിരുന്ന ബാങ്ക് ശാഖയിൽ നിന്നാണ് പണം തട്ടിയത്. അസിസ്റ്റന്റ് മാനേജരുടെ പാസ്‌വേഡ് ഉപയോഗിച്ച് രണ്ടരലക്ഷം രൂപയുടെ ഒരു സ്ഥിരനിക്ഷേപം കാലാവധി തീരും മുൻപ് ഇവർ വ്യാജരേഖ ഉപയോഗിച്ച് ഭർത്താവിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തിയിരുന്നു. ഇത് ബാങ്കിലെ ഉന്നത അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വലിയ തട്ടിപ്പു മനസ്സിലായത്.

വിവിധ അക്കൗണ്ടുകളിലെ പണം ഇവർ ഇത്തരത്തിൽ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കു മാറ്റിയിരുന്നു. ഇതിന്റെ ഡിജിറ്റൽ തെളിവു ശേഖരിക്കാൻ പോലീസ്, തിരുവനന്തപുരം സീഡാക്കിന്റെ സഹായം തേടിയിരുന്നു. സീഡാക്ക് ഡയറക്ടറടക്കും 30 സാക്ഷികളെ വിസ്തരിച്ചു. 66 രേഖകൾ തെളിവായി സമർപ്പിച്ചു. സർക്കാരിനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എം. വിനോദും ബാങ്കിനുവേണ്ടി അഡ്വ. ബിന്നി ജോസഫും ഹാജരായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.